കർണാടക മാണ്ഡ്യയിലെ വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വ്യാപാരസ്ഥാപനത്തിൽ ആത്മഹത്യ ചെയ്‌തു. മാണ്ഡ്യയിൽ തുണിക്കട നടത്തിവന്നിരുന്ന 65-കാരനായ പ്രഭാകർ, ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ഇന്നലെ രാവിലെ 5.45മണിക്കും 6മണിക്കും ഇടയിൽ ഇയാളുടെ വാടകവീട്ടിലാണ് സംഭവമെന്ന് മാണ്ഡ്യ ജില്ലാ പൊലീസ് സൂപ്രണ്ട് ശോഭാ റാണി അറിയിച്ചു. ബിസിനസ് തകർച്ചയെത്തുടർന്നാണ് സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സർക്കാരിൻ്റെ ശക്തി പദ്ധതിയാണ് ബിസിനസിനെ തകർത്തത് എന്നാരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് അദ്ദേഹത്തിൻ്റെതായി കണ്ടെടുത്തിട്ടുണ്ട്.

തൻ്റെ ബിസിനസ് മോശമായി തുടങ്ങിയെന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയതായി പറയുന്നു. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയത് കാരണം മാണ്ഡ്യപോലെയുള്ള ചെറു നഗരങ്ങൾ ഉപേക്ഷിച്ച് മൈസൂർ പോലെയുള്ള വലിയ നഗരങ്ങളിൽ പോയി വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയെന്നും മാണ്ട്യയിൽ നിന്ന് ഏതാണ്ട് 40 കിലോമീറ്റർ അകലെയുള്ള മൈസൂരിലേക്ക് ഒരു മണിക്കൂർ അകലമേയുള്ളുവെന്നും പറയുന്നു. തൻ്റെ ബിസിനസിന് അതോടെ വലിയ നഷ്ടമുണ്ടായെന്നാണ് കുറിപ്പിൽ പറയുന്നത്. വീട് നിർമ്മാണത്തിനായി എടുത്ത വായ്പയുടെ അടവ് മുടങ്ങിയെന്നും മൈക്രോഫിനാൻസ് കമ്പനികളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും മറ്റു വായ്പകളും എടുത്തിരുന്നതായും കത്തിൽ പറയുന്നു.

പ്രഭാകറിനും ജ്യോതിക്കും രണ്ട് മക്കളുണ്ട്. മകൾ ബാംഗ്ളൂരിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. മാണ്ട്യയിലെ ഒരു വാടകവീട്ടിൽ ഭാര്യ, മകൻ, മരുമകൾ മേഘന എന്നിവരോടൊപ്പമായിരുന്നു പ്രഭാകർ താമസിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു മകൻ്റെ വിവാഹം.

മാണ്ഡ്യ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ രണ്ടു കൊലപാതകങ്ങളും കഴുത്തു ഞെരിച്ചാണെന്ന് സംശയിക്കുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Posts