സം​സ്ഥാ​ന​ത്തി​ന്‍റെ യഥാർഥ സാമ്പത്തിക സ്ഥിതിയും കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. ധനവകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക നീക്കിയിരുപ്പുകൾ, കേന്ദ്ര സഹായങ്ങളുടെ വിനിയോഗം, സംസ്ഥാന ഖജനാവിലെ നിലവിലെ സ്ഥിതി എന്നിവ വിശദമായി പ്രതിപാദിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുൻ സർക്കാർ വലിയ തോതിൽ ആശ്രയിച്ചിരുന്ന കിഫ്ബിയുടെ ഘടനയിലും പ്രവർത്തനങ്ങളിലും സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖലയിൽ സമഗ്രമായ പുനർനിർമ്മാണം ലക്ഷ്യമിട്ടുള്ള കർശനമായ പരിഷ്കരണ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. ധവളപത്രം അവതരിപ്പിച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ധനകാര്യ വകുപ്പാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കേണ്ടതെന്നും, ഔദ്യോഗിക രഹസ്യരേഖകൾ പുറത്തുനിന്നുള്ള വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ എജിക്ക് മാത്രമാണ് അധികാരമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ധവളപത്രം എന്ന് ‘ഉമ്മാക്കി’ കാട്ടി പ്രതിപക്ഷത്തിൻ്റെ വായടപ്പിക്കാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ പ്രതികരിച്ചു. കണക്കുകളിൽ അവ്യക്തതയുണ്ടെങ്കിൽ ബദൽ ധവളപത്രം അവതരിപ്പിക്കുമെന്നും എൽഡിഎഫ് വ്യക്തമാക്കി. വരുംദിവസങ്ങളിൽ ഈ വിഷയം നിയമസഭയിൽ വലിയ രാഷ്ട്രീയ പോരിന് വഴിവെക്കുമെന്നാണ് സൂചന.

Related Posts