ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിയുടെ ‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിൻ്റെ ചർച്ചയും നാടകാവതരണവും ചേർന്നുള്ള കഥായാനം പരിപാടി ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടന്നു.
പ്രശസ്ത നിരൂപകയായ ഡോ.മിനി പ്രസാദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജയിക്കുമ്പോഴും ഏതെല്ലാം കാരണങ്ങളാൽ തോറ്റ് പോകുന്നവരായ മനുഷ്യരെ ചേർത്ത് പിടിക്കാനുള്ള സന്മനസ്സിലേക്ക് ഈ കഥകളുടെ വായന നമ്മെ നയിച്ചേക്കും എന്ന് സമാഹാരത്തിലെ കഥകളുടെ പഠനത്തിൽ എഴുതിയ ഡോ.മിനി പ്രസാദ്. ഈ കഥകൾക്ക് ഗഹനമായ വായന ആവശ്യമുണ്ടെന്നും, കഥ സഞ്ചരിക്കുന്ന വ്യത്യസ്ത തലങ്ങളെപ്പറ്റിയും, മനുഷ്യഹൃദയം തൊട്ടെഴുതിയ കഥകളാണെന്നും പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. മുഖ്യധാരയിലെ എഴുത്തുകാർക്കൊപ്പം പരിഗണിക്കപ്പെടേണ്ട കഥകളാണ് ലാപാജെരിയയിൽ ഉള്ളത് എന്ന് രാമന്തളി ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ബാംഗ്ളൂരിലെ എഴുത്തുകാരായ കെ കവിതയെയും, വി ആർ ഹർഷനെയും ചടങ്ങിൽ ആദരിച്ചു. ഡോ. എം എൻ ആർ നായർ ആശംസകളേകി.
ലാപാജെരിയ എന്ന കഥാസമാഹാരത്തിലെ നാല് കഥകൾ കോർത്തിണക്കി അനിൽ തിരുമംഗലം സംവിധാനം ചെയ്ത് ലോക് ഡൗൺ ആർട്ട് വർക്സ് അവതരിപ്പിവ്വ ‘കോപ്പിഹ്യൂ’ എന്ന നാടകത്തിൽ ബിഷ്ണു, കല്യാണി മേനോൻ, റെജി മംഗലത്ത്, റിത്വിക് സുജയൻ, രേതദ്വയ ശശികുമാർ എന്നിവർ വേഷമിട്ടു. പ്രമേയപരമായും, അവതരണഭംഗിയിലും മികച്ച് നിന്ന നാടകാവതരണം പ്രേക്ഷകപ്രശംസ നേടി.
ബാംഗ്ളൂർ മലായാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം സെക്രട്ടറി ശാന്തകുമാർ സ്വാഗതവും, റൈറ്റേഴ്സ് ഫോറം ജോയിൻ്റ് സെക്രട്ടറി അനീസ് സി സി ഒ അതിഥിപരിചയവും നിർവ്വഹിച്ചു. മലയാളമിഷൻ കർണ്ണാടക ചാപ്റ്റർ പ്രസിഡണ്ട് കെ കെ ദാമോദരനും, കെ ടി നന്ദകുമാറൂം അവതരണകവിതകൾ ആലപിച്ചു.
പുസ്തകചർച്ച ഉത്ഘാടനം ചെയ്ത കെ ആർ കിഷോർ കഥകളുടെ വ്യത്യസ്ത ഭൂമികയും, വൈവിദ്ധ്യമാർന്ന കഥാപരിസരങ്ങളെയും കുറിച്ച് സംസാരിച്ചു. ബാംഗ്ളൂരിലെ എഴുത്തുകാരായ കെ ടി ബ്രിജി, എസ്, ഡോ. പ്രേംരാജ് കെ കെ എന്നിവർ കഥാസ്വാദനത്തിൽ പങ്കെടുത്തു. സാംസ്കാരിക/സാഹിത്യരംഗത്ത് സ്ഥിരസാന്നിദ്ധ്യമായ കെ എൻ ലത, ഒ വിശ്വനാഥ്, ശ്രീലതാ മധു പയ്യന്നൂർ, മുഹമ്മദ് കുനിങ്ങാട്, ജെസ്സി ജോൺ എന്നിവർ ആശംസകളേകി. മലയാളം മിഷൻ കോർഡിനേറായ മീര നാരായണൻ രചയിതാവുമായുള്ള മറുമൊഴിയ്ക്ക് നേതൃത്വം നൽകി.
പ്രശസ്ത കവിയും ജ്ഞാനപീഠജേതാവുമായിരുന്ന ഒ എൻ വി കുറുപ്പിന് ജന്മദിനസ്മൃതിസമർപ്പണമായി ബാംഗ്ളൂർ കവിക്കൂട്ടം അവതരിപ്പിച്ച കവിയരങ്ങ് ഡോ.മിനിപ്രസാദ് ഉത്ഘാടനം ചെയ്തു. കവിയരങ്ങിൽ ബാംഗ്ളൂരിലെ പ്രശസ്ത കവികളായ ഡോ ടി പി വിനോദ്, ഇന്ദിരാബാലൻ, ഡോ.കെ.കെ.സുധ, പദ്മനാഭൻ, സിന കെ എസ്, ബിന്ദു പി മേനോൻ, വിന്നി ഗംഗാധരൻ, നീതു കുറ്റിമാക്കൽ, രമാപിഷാരടി എന്നിവർ പങ്കെടുത്തു.
സഹിതം, ലോക് ഡൗൺ ആർട്ട് വർക്സ്, ബാംഗ്ളൂർ കവിക്കൂട്ടം എന്നീ കൂട്ടായ്മകൾ സംയുക്തമായി അവതരിപ്പിച്ച പരിപാടിയിൽ ബാംഗ്ളൂർ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
രമാ പിഷാരടി നന്ദിപ്രകാശനം നിർവ്വഹിച്ചു.