അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന മച്ചാൻ്റെ മാലാഖ ഫെബ്രുവരി 27ന് തീയറ്ററുകളിൽ എത്തും. അബാം മൂവീസിൻ്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ സജീവന്റെയും മെഡിക്കൽ ഷോപ്പു ജീവനക്കാരി ലിജി മോളുടേയും കുടുംബ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തിൻ്റെ മുമ്പിൽ വീർപ്പുമുട്ടുന്ന ഭർത്താവിൻ്റെയും അതിനിടയിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ ആണ് നായകൻ, നമിത പ്രമോദ് നായിക വേഷത്തിലെത്തുന്നു.
ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു, ശാന്തികൃഷ്‌ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജാക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം – ഔസേപ്പച്ചൻ. ഛായാഗ്രഹണം – വിവേക് മേനോൻ.