മാധവാര – തുമകുരു മെട്രോ ഇടനാഴിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തുമകുരു ജില്ല ചുമതലയുള്ള മന്ത്രി ഡോ. ജി. പരമേശ്വരക്ക് ഔദ്യോഗികമായി സമർപ്പിച്ചു. ഡി.പി.ആർ റിപ്പോർട്ട് മന്ത്രി ഡോ. ജി. പരമേശ്വര വിധാൻ സൗധയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. റിപ്പോർട്ട് മന്ത്രിസഭയുടെ ചർച്ചക്ക് സമർപ്പിക്കുമെന്നും ശേഷം പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥ്, ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിലെ (ബി.എം.ആർ.സി.എൽ) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കാനാണ് സർക്കാർ തയാറെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുമകുരു റോഡിലെ മാധവാര മെട്രോ സ്റ്റേഷൻ മുതൽ തുമകുരു നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ ഏകദേശം 59.6 കിലോമീറ്ററുള്ളതാണ്. നിർദിഷ്ട മെട്രോ ഇടനാഴി ബംഗളൂരു – തുമകുരു എന്നിവക്കിടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്നതിന് പദ്ധതി സഹായിക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ പദ്ധതിക്കായി ഒരു സാധ്യതാ പഠനം നടത്തിയിരുന്നുവെന്ന് പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു. വളരെക്കാലമായി ഇതിനായുള്ള ശ്രമങ്ങൾ നടത്തിവരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി സാധ്യതാ പഠനത്തിനായി ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചു. പദ്ധതി പ്രായോഗികമാണെന്നും നടപ്പാക്കാൻ കഴിയുമെന്നും അവർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഡി.പി.ആർ തയാറാക്കിയത്. പദ്ധതിക്കായി ടെൻഡറുകൾ ക്ഷണിച്ചു തുടങ്ങി.

Related Posts