പുതിയ സർക്കാരിൻ്റെ കാലാവധി അവസാനിക്കുന്ന 2031ന് മുമ്പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടമായി ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമപരിപാടി ആരംഭിക്കും. വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങൾ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. സ്വന്തം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കും. പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്മ പുരസ്കാരങ്ങൾക്കുള്ള പേരുകൾ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപവത്കരിച്ചു. ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. ഈ വർഷം ആഗസ്റ്റ് 31ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടാൻ പി.എസ്.സിക്ക് ശുപാർശ ചെയ്യും. കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തി തുടർ നടപടി സ്വീകരിക്കും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.