പ്രൊഫ. എ സുധാകരൻ പുരസ്കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ ആർ മീരയ്ക്ക്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, എകെജിസിടി സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പ്രൊഫ എ സുധാകരൻ്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് കെ ആർ മീര അർഹയായത്.
10,000 രൂപയും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആർ പാർവതി ദേവി, അശോകൻ ചരുവിൽ, ശ്രീവരാഹം മുരളി, ആർ ഗിരീഷ് കുമാർ, പുകസ ജില്ലാ സെക്രട്ടറി എസ് രാഹുൽ (കൺവീനർ) എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കെ ആർ മീരയുടെ എഴുത്തുകളുടെ പ്രാധാന്യവും സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കവും കണക്കിലെടുത്താണ് പുരസ്കാര സമർപ്പണം.