തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്നും സമഗ്രമായ ചർച്ചകൾ നടക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അരുതാത്തത് എന്തോ സംഭവിച്ചു എന്നൊന്നും കരുതേണ്ടതില്ലെന്നും യോഗം ചേരുന്നത് വിമർശനങ്ങൾ ഉയരാൻ ആണെന്നും സ്വരാജ് പറഞ്ഞു.
അതേസമയം യോഗങ്ങൾ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ലെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. പുറത്ത് വരുന്ന വാർത്തകളെ ഗൗരവമായി കാണുന്നില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും സ്വരാജ് പറഞ്ഞു.
വലിയ പരാജയം ഉണ്ടാകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. വിജയങ്ങൾ ഉണ്ടാകുമ്പോൾ അഭിനന്ദനവും ഉണ്ടാകും. മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം വിമർശനങ്ങൾ ചുരുങ്ങരുത്. യാഥാർത്ഥ്യ ബോധമില്ലാത്ത വിലയിരുത്തലാണ് അതെന്നും ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങളെന്നും സ്വരാജ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. ഈ വിമർശനങ്ങൾ ഒന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ബാധിക്കുന്നില്ലെന്നും സ്വരാജ് പറഞ്ഞു. ഒരു പോളിറ്റ് ബ്യൂറോ അംഗം മാത്രമേ വിജയിച്ചവരിൽ ഉള്ളുവെന്നും ഒരാൾ മാത്രമേ പാർട്ടിയുടെ ആലോചനയിൽ ഉണ്ടായിരുന്നുള്ളുവെന്നും സ്വരാജ് വ്യക്തമാക്കി.