സിദ്ധരാമയ്യ മാറുകയാണെങ്കിൽ ജി.പരമേശ്വര കർണാടക മുഖ്യമന്ത്രിയാകണമെന്ന് മുൻ മന്ത്രി കെ.എൻ. രാജണ്ണ. തുംകൂറിൽ നടന്ന സർക്കാർ പരിപാടിയിൽ പങ്കെടുക്കവെആയിരുന്നു രാജണ്ണയുടെ പ്രതികരണം. ഇതോടെ സംസ്ഥാനത്ത് മുഖ്യമന്ത്രി മാറ്റം എന്ന വിഷയം വീണ്ടും ചർച്ചയാകുകയാണ്. ‘സിദ്ധരാമയ്യ മികച്ച മുഖ്യമന്ത്രിയാണ്. എന്നാൽ അദ്ദേഹം മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരമേശ്വര ആണ് മുഖ്യമന്ത്രി ആകാൻ യോഗ്യൻ. അദ്ദേഹം നേരത്തെ തന്നെ മുഖ്യമന്ത്രി ആകേണ്ടതായിരുന്നു.’-രാജണ്ണ പറഞ്ഞു.
“സിദ്ദരാമയ്യ എല്ലാ കാലത്തും മുഖ്യമന്ത്രിയായിരിക്കില്ല. ഇത് ഒരാളുടെ മാത്രം സ്വത്തല്ല. അധികാരം ആരുടേയും കുത്തകയല്ല. ആളുകൾ മാറി മാറി വരും. മുഖ്യമന്ത്രി മാറ്റം ദേശീയ നേതാക്കൾ ചർച്ച ചെയ്യും എന്നാണ് സൂചന. എല്ലാവരും കേരളത്തിലുണ്ട് അവിടെവച്ച് വേണമെങ്കിൽ ചർച്ച ചെയ്യാം. 2013 ൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തേണ്ടിയിരുന്ന ആളാണ് പരമേശ്വര. നിർഭാഗ്യവശാൽ അദ്ദേഹം പരാജയപ്പെട്ടു. ഇനിയും അദ്ദേഹത്തിന് സാധ്യതയുണ്ട്.’ രാജണ്ണ കൂട്ടിച്ചേർത്തു.