ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ പുതിയ കോൺഗ്രസ് എം.എൽ.എ.മാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബാഗൽകോട്ട് ഉമേഷ് ഹുള്ളപ്പ മേട്ടിയും ദാവണഗെരെ സൗത്തിൽ സമർഥ് മല്ലികാർജുനയുമാണ് പുതിയ എം.എൽ.എ.മാരായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടിടങ്ങളിലും ഏപ്രിൽ 9ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇവർ നിയമസഭയിലെത്തിയത്. മെയ് 4നായിരുന്നു ഫലം പുറത്തുവന്നത്. ഇവിടങ്ങളിലെ എം എൽ എ മാർ മരണപ്പെട്ടതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ സ്പീക്കർ യു.ടി.ഖാദറിൻ്റെ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. മന്ത്രി സതീഷ് ജാർക്കിഹോളി, സമർഥ് മല്ലികാർജുനയുടെ അമ്മയും ലോക്സഭാംഗവുമായ പ്രഭാ മല്ലികാർജുൻ, മുൻമന്ത്രി എസ്.ആർ. പാട്ടീൽ തുടങ്ങിയവർ പങ്കെടുത്തു.