കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം. വിരാട് കോലിയുടെ (105 നോട്ടൗട്ട്) സെഞ്ചുറി പ്രകടനമാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 16 പോയിൻ്റോടെ ആർസിബി ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഗുജറാത്ത് ടൈറ്റൻസുമായി പോയിന്റിൽ തുല്യ നിലയിലാണെങ്കിലും മികച്ച നെറ്റ് റൺ റേറ്റിൻ്റെ ബലത്തിലാണ് ബെംഗളൂരു മുന്നിലെത്തിയത്. ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്തു. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യത ഏതാണ്ട് അവസാനിച്ചു.
193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബെംഗളൂരുവിനായി കോലി 60 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളും 3 സിക്സറുകളും പറത്തി പുറത്താകാതെയാണ് 105 റൺസ് നേടിയത്. കോലി ദേവ്ദത്ത് പടിക്കലിനൊപ്പം (27 പന്തിൽ 37 റൺസ്) രണ്ടാം വിക്കറ്റിൽ നേടിയ 92 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണ്ണായകമായി. 19.1 ഓവറിലാണ് ആർസിബി വിജയം കണ്ടത്.
മഴ മൂലം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്കായി ആക്രിഷ് രഘുവംശിയും റിങ്കു സിങ്ങും മികച്ച പ്രകടനം നടത്തി. 46 പന്തിൽ 71 റൺസെടുത്ത യുവതാരം ആക്രിഷിന്റെയും 29 പന്തിൽ 49 റൺസടിച്ച റിങ്കു സിങ്ങിൻ്റെയും പോരാട്ടമാണ് കൊൽക്കത്തയ്ക്ക 192ലേക്കെത്താൻ തുണയായത്.