കൊത്തന്നൂരിൽ താൽക്കാലിക ഷെഡിനു തീപിടിച്ചു 2 കുഞ്ഞുങ്ങൾ വെന്തുമരിച്ചു. വടക്കൻ കർണാടകയിലെ റായ്ച്ചൂർ സ്വദേശികളായ ദുർഗപ്പ – സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണു മരിച്ചത്. റായിച്ചൂരിലെ ദേവദുർഗയിൽ നിന്നു 4 മാസം മുൻപാണു ദമ്പതികൾ ബെംഗളൂരുവിലെത്തിയത്. കൊത്തന്നൂർ കെ.നാരായണപുരയിലെ സ്വകാര്യ ഭൂമിയിൽ തൊഴിലാളികൾക്കായി കെട്ടിയിരിക്കുന്ന ഷെഡുകളിലൊന്നിൽ താമസിച്ചു വരികയായിരുന്നു.
കുഞ്ഞുങ്ങളെ അമ്മൂമ്മയെ ഏൽപിച്ചു രക്ഷിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു അപകടം നടന്നത്. അമ്മൂമ്മ ശുചിമുറിയിലേക്കു പോയ നേരത്തു കുട്ടികൾ ഷെഡ്ഡിനുള്ളിലിരുന്നു കളിക്കുകയായിരുന്നു. ഒരു കുട്ടി സംഭവസ്ഥലത്തും മറ്റേയാൾ ആശുപത്രിയിലുമാണു മരിച്ചത്. തീപിടിത്ത കാരണം ഇനിയും വ്യക്തമല്ല. പൊലീസും വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.