പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ വെടിവച്ചുകൊന്നു. ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. മധ്യംഗ്രാമിൽ വെച്ച് ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. കാർ സാവധാനം പോകുമ്പോൾ പിന്തുടർന്നെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിൽ ചന്ദ്രനാഥ് രഥിൻ്റെ ഡ്രൈവർ ബുദ്ധദേബിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. ആക്രമണ സമയത്ത് സുവേന്ദു അധികാരി കാറിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സഹോദരൻ ദിവ്യേന്ദു അധികാരി സ്ഥിരീകരിച്ചു.

വർഷങ്ങളായി സുവേന്ദു അധികാരിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഏകോപിപ്പിച്ചിരുന്ന ചന്ദ്രനാഥ് അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത വൃത്തങ്ങളിൽ ഒരാളായിരുന്നു. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുവേന്ദു അധികാരിയുടെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ ബിജെപി പ്രവർത്തകർ തന്നെയാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. മധ്യംഗ്രാമിൽ തൃണമൂൽ സ്ഥാനാർത്ഥി രതിൻ ഘോഷ് നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെയാണ് ഈ അക്രമം നടന്നത്.

Related Posts