ബെംഗളൂരു മണ്ഡ്യ കെആർഎസ് ഡാമിൽ ബോട്ട് മറിഞ്ഞ് ദമ്പതികൾ മുങ്ങിമരിച്ചു. കൊച്ചി സ്വദേശികളും ബെംഗളൂരുവിലെ വർത്തൂരിൽ സ്ഥിരതാമസക്കാരുമായ മഞ്ചുനാഥും (72) ഭാര്യ ജെസി(71)യുമാണ് ശ്രീരംഗപട്ടണയിലെ ഗിരിയ ഹള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മകൾ, മരുമകൻ, ചെറുമകൻ എന്നിവരോടൊപ്പം ബോട്ടിംഗിന് പോയതായിരുന്നു ഇവർ. ഗിരിയറഹള്ളിക്ക് സമീപം ആർ.എം.എസ്.സി എന്ന സ്വകാര്യ സെയിലിംഗ് ഗ്രൂപ്പാണ് ഈ യാത്ര സംഘടിപ്പിച്ചത്. 6 കുടുംബാംഗങ്ങൾക്കൊപ്പം മൈസുരു സന്ദർശനത്തിനെത്തിയതായിരുന്നു. അണക്കെട്ടിൽ സ്വകാര്യ ഏജൻസി നടത്തുന്ന ബോട്ട് കനത്ത കാറ്റിനെ തുടർന്നാണ് മറിഞ്ഞത്. ശക്തമായ കാറ്റിൽ ബോട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവരും വെള്ളത്തിലേക്ക് വീണു. ബോട്ട് ഓപ്പറേറ്ററുടെ ജീവനക്കാർ വേഗത്തിൽ പ്രവർത്തിച്ച് അഞ്ച് പേരെയും കരയ്ക്ക് എത്തിച്ചുവെങ്കിലും ദമ്പതികൾ ജീവൻ രക്ഷിക്കാനായില്ല.