കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ പത്ത് മണിയോടെ തന്നെ ട്രെൻഡ് വ്യക്തമാകും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15.465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ക്യൂആർ കോഡ് ഉഉള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരയാണ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ചുമതല സിആർപിഎഫിനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽ.ഡി.എഫ് പറയുന്നത്. എന്നാൽ 100 ലേറെ സീറ്റുകൾ നേടി ഭരണം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. എൻ.ഡി.എയും ഏറെ പ്രതീക്ഷയിലാണ്. കേരളത്തിലും തമിഴ്നാട്ടിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായാണ് വിധിയെഴുതിയത്. അസമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയിൽ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിൻ്റെ ഫലമാണ് കാത്തിരിക്കുന്നത്.