ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിനി പൂജ ദത്ത (34) ആണ് മരിച്ചത്. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പൂജ കഴിഞ്ഞ 3 വർഷമായി അഡുഗോഡിയിലുള്ള ഫ്ലാറ്റിൽ വടകക്കായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം പൂജയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറുകയും രക്തത്തിൽ കുളിച്ച് കിടക്കുന്ന പൂജയെ കണ്ടെത്തുകയും ചെയ്തു.
മരണം സംഭവിച്ചിട്ട് രണ്ടോ മൂന്നോ ദിവസം വരെ ആയിട്ടുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.