പൊതുഇടങ്ങളിൽ തുപ്പുന്നവരെ പിടികൂടി ബോധവൽക്കരണം നൽകാനുള്ള പ്രചാരണത്തിന് തുടക്കമിട്ട് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. സ്റ്റോപ് ഇന്ത്യ സ്‌പിറ്റിങ് മൂവ്മെന്റിൻ്റെ നേതൃത്വത്തിലാണ് റോഡുകൾ, മെട്രോ സ്‌റ്റേഷനുകൾ, ബസ് ടെർമിനലുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, നടപ്പാതകൾ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നവർക്കുള്ള പിഴ 1000 രൂപയായി ഉയർത്തിയിട്ടും ആളുകളുടെ മനോഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

മെട്രോ ട്രെയിനിലും സ്‌റ്റേഷനുകളിലും തുപ്പുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകളെ ബിഎംആർസി നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് ഇത്തരക്കാരെ പിടികൂടുന്നത്. സ്റ്റേഷനിലും ട്രെയിനിനകത്തും തുപ്പുന്നതും ഭക്ഷണം കഴിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി വിമാനത്താവള മാതൃകയിൽ നിർമിച്ച എസി റെയിൽവേ ടെർമിനലായ ബയ്യപ്പനഹള്ളി എസ്എംവിടി പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മുറുക്കി തുപ്പി വൃത്തികേടാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ചർച്ച് സ്ട്രീറ്റിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി. ശുചിത്വ ബോധം വളർത്തുന്നതിൻ്റെ ഭാഗമായുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി സജീവമാക്കിയിട്ടുണ്ട്.

പ്രചാരണത്തിൻ്റെ ഭാഗമായി, ചർച്ച് സ്ട്രീറ്റിലുടനീളം നിരവധി ‘ഡോണ്ട് സ്പിറ്റ്’ ബോർഡുകൾ സ്ഥാപിച്ചു. കടയുടമകളും വിൽപ്പനക്കാരും ഈ നീക്കത്തെ സ്വാഗതം ചെയ്തതായി റിപ്പോർട്ടുണ്ട്. നിയമലംഘകരെ കൂടുതൽ ഫലപ്രദമായി നിരുത്സാഹപ്പെടുത്താൻ ഈ ബോർഡുകൾ സഹായിക്കുമെന്ന് അവർ പറഞ്ഞു.
ബഹുഭാഷാ ഗാനങ്ങളും, തുപ്പൽ വിരുദ്ധ സന്ദേശം കൂടുതൽ ആകർഷകമായ രീതിയിൽ ആശയവിനിമയം ചെയ്യുന്നതിനായി സൃഷ്ടിച്ച റാപ്പ് പ്രകടനങ്ങളും ഉൾപ്പെടെ, ഡ്രം പ്രകടനങ്ങളും, സംഗീതവും ഈ പ്രചാരണത്തിൽ ഉൾപ്പെടുത്തിയിരുന്നു. പൊതുസ്ഥലത്ത് തുപ്പരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്ന നടൻ പുനീത് രാജ് കുമാറിൻ്റെ അഭ്യർത്ഥനയുടെ റെക്കോർഡിംഗുകൾ മാർച്ചിനിടെ ലൗഡ് സ്പീക്കറുകളിൽ പ്ലേ ചെയ്യുകയും ചെയ്‌തു.

Related Posts