സമീപ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കർണാടകയിൽ ആശങ്കജനകമായ മഴക്കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 31 ജില്ലകളിൽ പകുതിയിലധികം ഇടങ്ങളിലും സാധാരണ ലഭിക്കേണ്ട മഴയുടെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചത്. മഴ സമൃദ്ധമായി ലഭിക്കാറുള്ള ശിവമോഗ, കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലും ഇത്തവണ സാധാരണ മഴയുടെ 40 ശതമാനത്തിൽ താഴെ മാത്രമാണ് രേഖപ്പെടുത്തിയത്.
മഴക്കുറവ് കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കൃഷിവകുപ്പിന്റെ ജില്ലാതല കണക്കുകൾ പ്രകാരം 16 ജില്ലകളിൽ സാധാരണയേക്കാൾ വളരെ കുറവ് മഴയാണ് ലഭിച്ചത്. ജൂൺ മാസത്തിൽ ലഭിക്കേണ്ട മഴയുടെ വെറും 40 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ശിവമോഗയിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 36 ശതമാനം മാത്രമാണ് ലഭിച്ചത്. കുടകിൽ 39 ശതമാനവും, ചിക്കമഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിൽ ഏകദേശം 40 ശതമാനവും മാത്രമാണ് മഴ ലഭിച്ചത്. ജൂൺ 26 വരെയുള്ള കണക്കുകൾ പ്രകാരം ദക്ഷിണ കന്നഡയിൽ 766 മില്ലിമീറ്ററും, ചിക്കമഗളൂരുവിൽ 264 മില്ലിമീറ്ററും, കുടകിൽ 429 മില്ലിമീറ്ററും, ശിവമോഗയിൽ 383 മില്ലിമീറ്ററും മഴ ലഭിക്കേണ്ട സ്ഥാനത്ത് യഥാക്രമം 306, 105, 168, 138 മില്ലിമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയത്.
വിജയനഗര ജില്ലയിൽ 71 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 29 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ഉഡുപ്പിയിൽ സാധാരണ 923 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 424 മില്ലിമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയത്. ദാവൻഗെരെ, ഹാവേരി, ഉത്തര കന്നഡ, മൈസൂരു ജില്ലകളിലും 50 ശതമാനത്തിലേറെ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.