അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നാളെ ഹർത്താൽ ആചരിക്കും. 52 ദളിത് സംഘടനകൾ ചേർന്നാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ല, ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ ആചരിക്കുന്നത്. കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നേതാക്കള്‍ പറഞ്ഞു.