താമരശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം നടന്നത്. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അഞ്ചു പേരടങ്ങിയ സംഘം കടയുടമയേയും ജീവനക്കാരനെയും മർദിക്കുകയായിരുന്നു.

കടയിലെത്തിയ അഞ്ചംഗ സംഘം ബ്രോഡ് ചിക്കൻ ആവശ്യപ്പെട്ടു എന്നാണ് കടയുടമയായ വിമുക്‌ത ഭടൻ പുനൂർ നല്ലിക്കൽ സയീദ് (41) പറഞ്ഞത്. ചിക്കൻ തീർന്നു പോയെന്ന് അവരോട് പറഞ്ഞു. എന്നാൽ ചിക്കൻ കിട്ടിയേ മതിയാവൂ എന്ന് പറഞ്ഞാണത്രെ തർക്കം ആരംഭിച്ചത്.

തുടർന്ന് അദ്ദേഹത്തെയും ജീവനക്കാരനായ അസം സ്വദേശി മെഹദി ആലത്തെയും ആക്രമിക്കുകയായിരുന്നു. ക്രൂരമായി മർദിക്കുകയും കടയിൽ നാശനഷ്‌ടങ്ങൾ വരുത്തുകയും ചെയ്‌തു. പരുക്കേറ്റ രണ്ടുപേരും താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ താമരശേരി പൊലീസ് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു.

Related Posts