ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റൻ വരാൻ സാധ്യത. നിലവിൽ ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന, ടെസ്റ്റ് ടീമുകളെ ശുബ്മാൻ ഗില്ലും ആണ് നയിക്കുന്നത്. കഴിഞ്ഞ മാസം അവസാനിച്ച ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തുവെങ്കിലും നായകൻ സൂര്യകുമാർ യാദവിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രോഹിത് ശർമ്മ വിരമിച്ചതിന് ശേഷം നായക സ്ഥാനത്ത് എത്തിയ സൂര്യയുടെ കീഴിൽ ഒരു പരമ്പര പോലും തോറ്റിട്ടില്ല ഇന്ത്യ, എന്നാൽ നായകനെന്ന നിലയിൽ തിളങ്ങുമ്പോഴും ബാറ്റർ എന്ന നിലയിൽ സൂര്യയുടെ പ്രകടനം കാലങ്ങളായി മോശമാണ്. ഇടയ്ക്ക് ഫോമിലേക്ക് തിരികെ എത്തുന്നതിൻ്റെ സൂചനകൾ കണ്ടെങ്കിലും ഐപിഎല്ലിൽ ഉൾപ്പെടെ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. 2028ലെ ഒളിമ്പിക്സിൽ സൂര്യ തന്നെ ടീമിനെ നയിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. വരാനിരിക്കുന്ന പരമ്പരകളിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാകും തുടർനീക്കങ്ങൾ. ജൂൺ-ജൂലായ് മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട്, അയർലാൻഡ് പര്യടനങ്ങൾ സൂര്യയക്ക് നിർണായകമാകും.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ള ഒരുപിടി താരങ്ങൾ അവസരം കാത്ത് നിൽക്കുന്നത് സൂര്യക്ക് സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്. സമീപഭാവിയിൽ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സൂര്യയുടെ നായകസ്ഥാനം നഷ്ടമാകും. ഐപിഎല്ലിൽ തുടർച്ചയായി നായകമികവ് പുറത്തെടുക്കുകയും ബാറ്റിംഗിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്ന ശ്രേയസ് അയ്യർ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രമുഖനാണ്. സ്ഥിരമായി പരിക്കിൻ്റെ പിടിയിലാകുന്നതാണ് ശ്രേയസ് അയ്യർ നേരിടുന്ന വെല്ലുവിളി. മലയാളി താരം സഞ്ജു സാംസണിൻ്റെ പേരും പരിഗണനയിലുണ്ട്.