കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട 18 തൊഴിലാളികളെ കർണാടക പോലീസ് രക്ഷപ്പെടുത്തി. ഒരു തൊഴിലാളിയുടെ മാതാവ് മകനെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹാസൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ അവരുടെ സ്വദേശങ്ങളിലേക്ക് മടക്കിയയച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാസൻ പോലീസ് അറിയിച്ചു.
രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെ പണിയെടുപ്പിക്കുകയാണ് തോട്ടത്തിലെ പതിവ്. ജോലിക്ക് കൃത്യമായ കൂലിയോ ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ല. ജോലി കഴിഞ്ഞ് തൊഴിലാളികളെ ഒരു ഷെഡ്ഡിൽ പൂട്ടിയിടുകയായിരുന്നു പതിവ്. തൊഴിലാളികളെ പുറത്തുപോകാൻ അനുവാദിച്ചിരുന്നില്ല. ഫോൺ ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ല. രാവിലെ ജോലിക്കായി കൊണ്ടുപോകുമ്പോഴും തിരികെ ഷെഡിലേക്ക് എത്തിക്കുമ്പോഴും കനത്ത കാവലുണ്ടായിരുന്നു എന്ന് രക്ഷപ്പെട്ട ഉദയൻ മാധ്യമങ്ങളോട് പറഞ്ഞു. കാപ്പിത്തോട്ടത്തിൽ ജോലിയാണെന്നും പ്രതിദിനം 700 രൂപ കൂലിയും ഭക്ഷണവും നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. എന്നാൽ, പറഞ്ഞിരുന്ന ജോലിക്ക് പകരം ഇഞ്ചിത്തോട്ടത്തിലെ മണ്ണെടുപ്പ് ജോലിക്കാണ് നിയോഗിച്ചതെന്നു തൊഴിലാളികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയിടത്തിന്റെ ഉടമയ്ക്കും തോട്ടം നടത്തിപ്പുകാർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹാസൻ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.