അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. നോയിഡയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ്, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്.
മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ നേരത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്. നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിൻ്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്.