പ്രവാസി കേരളീയർക്കായുള്ള സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് എ എൻറോൾമെന്റ്റിനുള്ള സമയ പരിധി നാളെ അവസാനിക്കും. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ആരോഗ്യ-അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ഒരു കോടി രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. നോർക്ക റൂട്ട്സ് നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പരിഷ്കരിച്ച രൂപമാണ് നോർക്ക കെയർ പ്ലസ്’.
നിലവിൽ നോർക്ക കെയറിൽ അംഗമായവർക്കും നോർക്ക കെയർ പ്ലസിൽ ചേരാനാവും. ഗ്രൂപ്പ് മെഡിക്കൽ കവർ (ജി.എം.സി). പേഴ്സണൽ ആക്സിഡന്റ് (ജി.പി.എ) എന്നിവയിൽ അ ഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ തെരഞ്ഞെടുക്കാം. 10 ലക്ഷമോ അതിൽ കൂടുതലോ തുകയുടെ പ്ലാനുകൾ തെര ഞ്ഞെടുക്കുന്നവർക്ക് 80 വയസ്സുവരെയുള്ള മാതാപിതാക്കളെയോ ഭർത്താവിൻ്റെ/ഭാര്യയുടെ മാതാപിതാക്കളെയോ ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ കഴിയും. വിദേശത്തുനിന്നും മടങ്ങി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും ഈ ആരോഗ്യ പരിരക്ഷ തുടർന്നും ലഭ്യമാകും എന്നത് നോർക്ക കെയർ പ്ലസ് പദ്ധതിയുടെ വലിയൊരു സവിശേഷതയാണ്. ഇന്ത്യയിലുടനീളമുള്ള 14,000 ത്തിലധികം ആശുപത്രികളിൽ (കേരളത്തിലെ 500 ലേറെ ആശുപത്രികൾ ഉൾപ്പെടെ) പണരഹിത ചികിത്സാ സൗകര്യവും പദ്ധതിയിൽ ലഭ്യമാണ്. നോർക്ക കെയർ പ്ലസ് വെബ് പോർട്ടൽ വഴി ഓൺലൈനായും നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്പ് വഴിയും എൻറോൾമെന്റ് പൂർത്തിയാക്കാം. ഏപ്രിൽ 12-നകം എൻറോൾ ചെയ്യുന്നവർക്ക് ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കായിരിക്കും പോളിസി കാലാവധി ലഭിക്കുക.
മുൻപേയുള്ള രോഗങ്ങൾക്കും ആദ്യ ദിവസം മുതൽ തന്നെ പരിരക്ഷ ലഭിക്കും. കൂടാതെ വെയിറ്റിംഗ് പീരിയഡ് നിബന്ധനകളും ഇല്ല സാധുവായ നോർക്ക പ്രവാസി ഐ.ഡി. സ്റ്റുഡന്റ് ഐ.ഡി കാർഡുകളുള്ള വിദേശമലയാളികൾക്കും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന എൻ. ആർ.കെ ഐ.ഡി കാർഡ് ഉള്ളവർക്കും ഈ പദ്ധതിയിൽ ചേരാം. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. കൂടുതൽ വിവരങ്ങൾക്കായി നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷ പദ്ധതിയാണ് നോർക്ക കെയർ പദ്ധതി. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം. 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുള്ള ഏഴു വിവിധ സ്ലാബുകളിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ സംഘടിപ്പിച്ച നോർക്ക കെയർ ആദ്യഘട്ട എൻറോൾമെൻ്റിൽ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എൻറോൾ ചെയ്തത്.