പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. നിയമസഭ തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധിയാണ്. ബാങ്കുകൾക്കും ഇത് ബാധകമാണ്.

ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ‌. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്. 2500 പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികൾക്കും അതിനിര്‍ണായകമാണ് മത്സരം. അസാമിലും പോണ്ടിച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.

Related Posts