‘ദൃശ്യം 3’ സിനിമയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ. ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റി. നേരത്തെ ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ പ്രഖ്യാപനമനുസരിച്ച് മെയ് 21ന് ആയിരിക്കും തിയേറ്ററുകളിൽ എത്തുകയെന്ന് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു.
ആമസോൺ പ്രൈമിലൂടെ 2021 ഫെബ്രുവരി 19ന് ഒടിടി റിലീസായി എത്തിയ ‘ദൃശ്യം 2’, മൂന്നാം ഭാഗത്തിൻ്റെ റിലീസിന് മുന്നോടിയായി വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. ഏപ്രിൽ 10 ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ മൂന്നാം ഭാഗത്തിന് മുൻപ് രണ്ടാം ഭാഗം തിയേറ്ററിൽ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.