എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ. ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്.

മരിച്ചയാളും അതിഥി തൊഴിലാളിയാണെന്നാണ് വിവരം. പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ കയറി മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയും സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

മർദ്ദനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. പൊലീസ് പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ചാണ് ഇയാളെ മർദിച്ചത്. ഇയാളുടെ മുഖത്തും വയറിലും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം പെരുമ്പാവൂർ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts