ഒടിടി സ്ട്രീമിങ് ഭീമൻമാരായ നെറ്റ്ഫ്ലിക്‌സ് അമേരിക്കയിൽ സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിച്ചു. എല്ലാ പ്ലാനുകളിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഡോളർ മുതലാണ് വർധന. പരസ്യമുള്ള പ്ലാനിന് ഒരു ഡോളർ വർധിപ്പിച്ചു. ഇതോടെ നിരക്ക് 7.99 ഡോളറിൽ നിന്ന് 8.99 ഡോളറായി. പരസ്യമില്ലാത്ത സ്റ്റാൻഡേർഡ് പ്ലാൻ 17.99 ഡോളറിൽ നിന്ന് 19.99 ഡോളറായി ഉയർന്നു. പ്രീമിയം പ്ലാൻ 24.99 ഡോളറിൽ നിന്ന് 26.99 ഡോളറായി ഉയർന്നു എന്നും കമ്പനി അറിയിച്ചു.

തത്സമയ ഇവന്റുറുകൾ, വീഡിയോ പോഡ്‌കാസ്റ്റുകൾ, ഒറിജിനൽ പ്രോഗ്രാമിംഗ് എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിൻ്റെ ഭാഗമായാണ് വില വർധന. ഈ വർഷം രണ്ടാം തവണയാണ് നെറ്റ്ഫ്ലിക്‌സ് നിരക്ക് ഉയർത്തുന്നത്. മുമ്പ് ജനുവരിയിലും വില വർധിപ്പിച്ചിരുന്നു. 2026 ൽ ഉള്ളടക്കത്തിനായി 20 ബില്യൺ നെറ്റ്ഫ്ലിക്‌സ്‌ ഡോളർ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് വില വർധനവ്. കഴിഞ്ഞ വർഷം ഇത് 18 ബില്യൺ ഡോളറായിരുന്നു.

മൂന്നര വർഷം മുമ്പ് നെറ്റ്ഫ്ലിക്‌സ് പരസ്യ ശ്രേണി അവതരിപ്പിച്ചപ്പോൾ സ്റ്റാൻഡേർഡ് പ്ലാൻ പ്രതിമാസം 15.49 ഡോളറും പരസ്യമുള്ള പ്ലാൻ 6.99 ഡോളറും ആയിരുന്നു. മൂന്നര വർഷം കൊണ്ട് പരസ്യ രഹിത പ്ലാനിന് 4.50 ഡോളറാണ് വർധിച്ചത്. എന്നാൽ പരസ്യമുള്ള പ്ലാനിന് 2 ഡോളറിൻ്റെ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഒരു ഉപഭോക്താവിന് യുഎസിലെ ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ഡിസ്‌നി+, എച്ച്‌ബിഒ മാക്‌സ്, പീക്കോക്ക് എന്നിവ വേണമെങ്കിൽ, പരസ്യരഹിത പ്ലാനുകൾക്ക് പ്രതിമാസം ഏകദേശം 75 ഡോളർ നൽകേണ്ടി വരും.. പരസ്യമുള്ള പ്ലാനുകൾക്ക് 40 ഡോളറാണ് നിരക്ക്. എന്നാൽ പരസ്യമുള്ള പ്ലാനുകളാണ് കൂടുതൽ ലാഭകരമെന്നാണ് നെറ്റ്ഫ്ലിക്‌സ് അടക്കമുള്ള ഭീമൻമാരുടെ അഭിപ്രായം. ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനത്തിനു പിന്നാലെ പരസ്യങ്ങളിലൂടെയും കോടികളാണ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്നത്.

ആമസോൺ പ്രൈം വീഡിയോ പോലുള്ള ചില സ്ട്രീമിങ് ആപ്പുകൾ എല്ലാ ഉപയോക്താക്കൾക്കും പരസ്യങ്ങൾ ഓണാക്കിയിട്ടുണ്ട്. പരസ്യങ്ങൾ ഒഴിവാക്കാൻ ഉപയോക്താക്കളോട് പ്രതിമാസം 5 ഡോളറാണ് ആമസോൺ ആവശ്യപ്പെടുന്നത്. ഈ പ്ലാറ്റ്ഫോമുകളെല്ലാം നിലവിൽ ലൈവ് സ്പോർട്‌സിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലും പരസ്യങ്ങൾ ഉൾപ്പെടുത്തുന്നത് കൂടുതലാകുന്നു. പരസ്യരഹിത ശ്രേണികളിൽ പോലും ലൈവ് സ്പോർട്‌സിൽ പരസ്യങ്ങളുണ്ടാകാറുണ്ട്.

Related Posts