ഇറാന്റെ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി സൗദി അറേബ്യ. റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി. ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി 5 ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്.
ഇറാൻ ഉദ്യോഗസ്ഥരെ ‘പെർസോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്. സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.