യുദ്ധം പ്രതീക്ഷിക്കുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇനി ഇറാന് അവർക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ കഴിയില്ലെന്നും ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമാണ ശാലകളും പൂർണമായും തകർത്തുവെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രംപുമായി ഭിന്നതയില്ല. യുദ്ധം ഉടൻ അവസാനിക്കും. കൃത്യമായ സമയം ഇപ്പോൾ പറയുന്നില്ലെങ്കിലും ഇറാന്റെ പക്കൽ ഇനി ആണവായുധ ഭീഷണിയോ മിസൈൽ കരുത്തോ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് സ്വന്തമായി തീരുമാനമെടുക്കുന്ന നേതാവാണെന്നും സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തിൽ ഇസ്രായേൽ ഏകപക്ഷീയമായാണ് നീങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന വാർത്തകൾ നെതന്യാഹു തള്ളി. ട്രംപിന്റെ അഭ്യർത്ഥന പ്രകാരം തുടർആക്രമണങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ഇറാനിൽ പുതിയ ഭരണം വരുമ്പോൾ ഹിസ്ബുള്ളയുടെ അന്ത്യവും സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.