നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മഹാബലിപുരം ഫോർ പോയിന്റ്സ് ബൈ ഷെറട്ടോൺ ഹോട്ടലിൽ റമദാനിലെ 28-ാം നാളിലാണ് വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായാണ് വിരുന്ന് സംഘടിപ്പിച്ചത്. അതിഥികൾക്കൊപ്പം നോമ്പ് തുറന്ന വിജയ് നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു.
വെള്ള ഷർട്ടും ഇളംതവിട്ട് നിറത്തിലുള്ള പാന്റ്സും തൊപ്പിയും ധരിച്ചാണ് വിജയ് ചടങ്ങിൽ പങ്കെടുത്തത്. പാർട്ടി പ്രവർത്തകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് ചെറുപ്രസംഗവും നടത്തി. എൻഡിഎയുമായി സഖ്യമുണ്ടാക്കാൻ പോകുന്നുവെന്ന വാർത്ത വ്യാജമാണെന്നും ടിവികെയുടെ നേതൃത്വത്തിലായിരിക്കും അടുത്ത സർക്കാർ എന്നും വിജയ് വ്യക്തമാക്കി.
അനിയന്ത്രിതമായ തിരക്ക് മൂലം വിവാദമായിരുന്നു കഴിഞ്ഞ വർഷം നടന്ന ഇഫ്താർ വിരുന്ന്. അതുകൊണ്ട് തന്നെ ഇത്തവണ 1000 പേർക്ക് മാത്രമാണ് പ്രവേശനം നൽകിയത്. നേരിട്ട് എത്താൻ കഴിയാത്ത ആരാധകർക്കായി ചടങ്ങുകൾ തത്സമയം ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്നു.