ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദർശനത്തിനായി വരിനിന്നവരുടെ മുകളിലേക്കാണ് ക്ഷേത്രമതിൽക്കെട്ട് തകർന്നുവീണത്. മതിൽ ഇടിഞ്ഞുവീണ് എട്ടു പേർ മരിച്ചു. അപകടം ഉണ്ടായത് ബുധനാഴ്‌ച പുലർച്ച 2:30 ഓടെയാണ്. ക്ഷേത്രത്തിൻ്റെ പുതുതായി പണികഴിപ്പിച്ച 20 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത്. ശക്തമായ മഴയിൽ കുതിർന്നാണ് മതിൽ ഇടിഞ്ഞുവീണത് എന്നാണ് പ്രാഥമിക വിവരം.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 24 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപയും നഷ്ട‌പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്‌സിലൂടെ വ്യക്തമാക്കി. അതേസമയം, തിരുപ്പതിയിൽ സംഭവിച്ച അപകടത്തോട് ഇതിനെ ചേർത്ത് പറയുന്നത് തെറ്റാണെന്ന് എൻഡോവ്മെന്റ്റ് ഡിപ്പാർട്ടുമെൻ്റ് പ്രിൻസിപ്പൽ സെക്രട്ടറി വിനയ് ചാൻ പറഞ്ഞു.

‘ദാരുണമായ സംഭവമാണ് നടന്നത്. സ്ഥലത്ത് ശക്തമായ മഴയുണ്ടായിരുന്നു. സംഭവം നടന്നയുടൻ തന്നെ എസ്‌ഡിആർഎഫ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു അപകടത്തിൽപെട്ടവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നതായും ഇതാവാം ദാരുണ സംഭവവത്തിന് കാരണമായതെന്നും ആന്ധ്രാപ്രദേശ് ആഭ്യന്തര ദുരന്തനിവാരണ മന്ത്രി വംഗലപുടി അനിത പറഞ്ഞു.

Related Posts