പാചകവാതകക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. പാചകവാതകവിതരണം തടസ്സമില്ലാതെ നടത്താൻ നടപടിയെടുക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റസ്റ്ററൻ്റുകൾക്കും ഹോട്ടലുകൾക്കുമുള്ള പാചകവാതക വിതരണം നിർത്തിവെച്ചത് തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്ന നടപടിയാണെന്ന് ഹർജിയിൽ ആരോപിച്ചു. ഹോട്ടൽ മേഖലയിൽ ബെംഗളൂരുവിൽമാത്രം ആറുലക്ഷംപേർ ജോലി ചെയ്യുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാചകത്തിന് പ്രധാനമായും ആശ്രയിക്കുന്നത് പാചകവാതകത്തെയാണ്. ഇതിൻ്റെ വിതരണം നിലച്ചതോടെ പ്രവർത്തനം പ്രതിസന്ധിയിലായി. പൊതുജനങ്ങളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും ബാധിച്ചിരിക്കുകയാണ്.