ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത ശുക്ലയാണ് മരണത്തിൽ നിന്നും അത്ഭുതകരാമായി രക്ഷപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി കരഞ്ഞു തളർന്നിരുന്ന നിമിഷത്തിൽ വിനീതയുടെ ജീവൻ തിരിച്ചുകിട്ടിയതിൻ്റെ ആഹ്ളാദത്തിലാണ് യുവതിയുടെ കുടുംബം.
വീട്ടുജോലി ചെയ്യുന്നതിനിടെ ബോധരഹിതയായിവീണതിനെ തുടർന്ന് യുവതിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചത്. യുവതിക്ക് തലച്ചോറിന് പ്രവർത്തനശേഷി നഷ്ടപ്പെട്ടതിനാൽ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
സംസ്കാരച്ചടങ്ങുകൾക്കായി വിനീതയുടെ മൃതദേഹവുമായി വീട്ടിലേക്ക് പോകും വഴി വിനീതയുമായി സഞ്ചരിച്ച ആംബുലൻസ് റോഡിലുണ്ടായിരുന്ന ഒരു വലിയ കുഴിയിൽ വീണു. വീഴ്ചയുടെ ആഘാതത്തിൽ വിനീതയുടെ ശരീരം നന്നായി ഉലഞ്ഞു. അതോടെ ആ നിമിഷം മുതൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവതി ശ്വസിക്കാൻ തുടങ്ങി.
ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന വിനീതയുടെ ഭർത്താവിന് ആ കാഴ്ച ഞെട്ടലും സന്തോഷവും ഒരുപോലെ പകരുന്നതായിരുന്നു. ഉടൻ തന്നെ വീട്ടിലേക്ക് വിളിച്ച് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം നിർദേശങ്ങൾ നൽകി. ഉടൻ തന്നെ പിലിഭിത്തിയിലെ ന്യൂറോസിറ്റി ഹോസ്പിറ്റലിൽ വിനീതയെ എത്തിച്ചു. പിന്നീട് ദിവസങ്ങൾക്കകം തന്നെ പൂർണ ആരോഗ്യവതിയായി അവർ വീട്ടിലേക്ക് മടങ്ങി.