രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്താതിരുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയത്. രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ഇല്ലാതിരുന്നതിന് കാരണം, മാലിന്യം യാത്രാമദ്ധ്യേയുള്ള റോഡുകളിൽ കുന്നുകൂടിക്കിടന്നത്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.
സിലിഗുരിയിലെ അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ രാഷ്ട്രപതി നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ‘ഞാനും ബംഗാളിൻ്റെ മകളാണ്. എൻ്റെ അനിയത്തിയെപ്പോലെയാണ് മമത ബാനർജി. എന്നാൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി എന്നെ കാണാൻ വരാത്തതെന്ന് അത്ഭുതം തോന്നുന്നു. ജനങ്ങൾക്ക് വരാൻ ബുദ്ധിമുട്ടുള്ള ഇടത്തേക്ക് പരിപാടി മാറ്റിയത് ആദിവാസി ക്ഷേമം സർക്കാർ ആഗ്രഹിക്കാത്തത് കൊണ്ടാവാം,’ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.