പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ (മെമു) അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് പുതിയ ട്രെയിൻ അനുവദിച്ചത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത് എന്ന് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പും അദ്ദേഹം പങ്കുവെച്ചു. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് നിലവിൽ 3 ട്രെയിനുകൾ മാത്രമാണ്. പുതിയ ട്രെയിനിന്റെ സമയവും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.