അങ്കമാലി കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാൾ അറസ്റ്റിലായത്. ഇന്ന് രാവിലെ പിതാവ് ജോർജ് മാത്യു അറസ്റ്റിലായിരുന്നു.
പ്രതിയെ ഒളിവിൽപ്പോകാൻ സഹായിച്ചതിന്‍റെ പേരിലായിരുന്നു പിതാവിന്‍റെ അറസ്റ്റ്. ഇന്നലെ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോട്ടയം സെഷൻസ് കോടതിയെ ഡോ. സിറിയക് സമീപിച്ചിരുന്നു. ജാമ്യാപേക്ഷ എതിർക്കാനുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ ഇന്ന് സമർപ്പിക്കാനിരിക്കെയാണ് ഡോ. സിറിയക്കിന്‍റെ അറസ്റ്റ്. ഫെബ്രുവരി 28നായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഒളിവിൽപ്പോയ സിറിയക് ജോർജിന്‍റെ പേരിൽ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.
ചാലാക്കയിലെ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ് ഓടിച്ച മഹീന്ദ്ര എക്സ്.യു.വി. 700 വാഹനമാണ് അമിതവേഗത്തിൽ അപകടമുണ്ടാക്കിയത്. ജാസ്‌ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടശേഷം വാഹനം നിറുത്താതെ പോവുകയായിരുന്നു.