നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻ്റിനിടെ അമ്മയ്ക്കും സഹോദരൻ പ്രഗ്നാനന്ദയ്ക്കുമൊപ്പമെത്തിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിൽ ക്ഷമാപണം നടത്തി ഉസ്ബെക്കിസ്താൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക്ക് യാകുബ്ബോവ്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതിനു പിന്നാലെയാണ് യാകുബ്ബോവ്, വൈശാലിയെ നേരിൽ കണ്ട് ക്ഷമാപണം നടത്തിയത്.

വൈശാലിക്ക് യാകുബ്ബോവ് പൂക്കളും ചോക്ലേറ്റും സമ്മാനമായി നൽകുന്ന വീഡിയോ എക്സ്‌സിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ യാകുബ്ബോവിൻ്റെ പ്രവൃത്തിക്കു പിന്നിലെ കാരണം തനിക്ക് മനസിലായെന്നും അതിൽ വിഷമമില്ലെന്നും വൈശാലി പ്രതികരിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ തന്നെ താൻ വൈശാലിയോട് അനാദരവ് ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും അവരുടെ ഇളയ സഹോദരൻ ആർ. പ്രഗ്നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവുമുണ്ടെന്നും മതപരമായ കാരണങ്ങളാലാണ് കൈകൊടുക്കാതിരുന്നതെന്നും വ്യക്തമാക്കി യാകുബ്ബോവ് രംഗത്തെത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ് ചെസ് ബോർഡിനടുത്തേക്കെത്തിയ യാകുബ്ബോവിന് കൈകൊടുക്കാനായി വൈശാലി കൈ നീട്ടിയത്. എന്നാൽ താരം ഇത് ശ്രദ്ധിക്കാത്ത പോലെ പെരുമാറുകയായിരുന്നു.

Related Posts