അയർലൻഡിൽ ഡബ്ലിൻ എന്ന സ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിൽ ഐ.ടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെൻ്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. ബെംഗളൂരുവിലാണ് അശ്വതിയുടെ കുടുംബം താമസിക്കുന്നത്. ഇവിടെ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്‌ഥലം മാറി അയർലൻഡിലെ തന്നെ ലെറ്റർക്കെന്നിയിൽ പോകാനിരിക്കെയാണ് അശ്വതിയെ തേടി മരണമെത്തിയത്.
അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പരാതി നൽക്കുകയായിരുന്നു. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ ബ്രേ മേഖലയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അത് അശ്വതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്‌റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായയുടൻ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.