ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്‌പ്രസ് തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടി. കണ്ണൂർ എക്സ്പ്രസ് നാളെ മുതൽ കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് നീട്ടിയതായാണ് റെയിൽവേ അറിയിച്ചി രിക്കുന്നത്. യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് റെയിൽവേയുടെ ഈ നീക്കം. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള മൂന്നാമത്തെ തീവണ്ടിയാണിത്. നിലവിൽ ബെംഗളൂരുവിൽനിന്ന് പാലക്കാട് -ഷൊർണൂർ – കോഴിക്കോടു വഴി രണ്ട് തീവണ്ടികളാണുള്ളത്.
2024-ൽ ബെംഗളൂരു-മംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നു. കോഴിക്കോട് എം.പി എം.കെ. രാഘവൻ്റെ ഇടപെടലിനെത്തുടർന്നായിരുന്നു ഇത്. പക്ഷെ മംഗളൂരുവിലെ ജനപ്രതിനിധികൾ എതിർപ്പുന്നയിച്ചതോടെ റെയിൽവേ ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.

തീവണ്ടി ബെംഗളൂരുവിലെത്തിച്ചേരുന്ന സമയത്തിനും ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. ദിവസവും രാത്രി 9.35-ന് ആണ് ഈ തീവണ്ടി ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്നത്. തീവണ്ടി അടുത്ത ദിവസം രാവിലെ 10.55-ന് കണ്ണൂരിലെത്തും. 11 മണിക്ക് കോഴിക്കോട്ടേക്ക് യാത്ര തുടരും. 11.20-ന് തലശ്ശേരിയിലും 11.41-ന് വടകരയിലും 11.58-ന് കൊയിലാണ്ടിയിലും എത്തുന്ന ട്രെയിൻ 12.40-ന് കോഴിക്കോട് എത്തും.
ഉച്ചക്ക് 3.30-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ ബെംഗളൂരുവിൽ എത്തും. 3.52-ന് കൊയിലാ ണ്ടി, 4.12-ന് വടകര, 4.34-ന് തലശ്ശേരി, 5.00-ന് കണ്ണൂർ എന്നിങ്ങനെയാണ് ട്രെയിൻ എത്തുന്ന സമയം. 5.05-ന് കണ്ണൂരിൽനിന്ന് പുറപ്പെടും.

Related Posts