ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളിലും ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അമേരിക്കയുടേയോ ഇസ്രയേലിന്റെയോ പേര് ഇറാനില്‍ നടന്ന ആക്രമണങ്ങളെ അപലപിക്കുന്ന പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ല.
സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണം. സംഘര്‍ഷങ്ങളുടെ ഭാഗമായ എല്ലാ കക്ഷികളും സംയമനം പാലിക്കണം. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍ച്ചകളും നയതന്ത്ര ഇടപെടലും ആവശ്യമാണ്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ ഇന്ത്യക്കാരുടെ സുരക്ഷ രാജ്യത്തിന് പ്രധാനമാണ്. പൗരന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടായിരിക്കും ഇന്ത്യയുടെ ദൗത്യങ്ങള്‍. പൗരന്മാര് ജാഗ്രത പാലിക്കണം. കര്‍ശനമായി പ്രാദേശികമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.