വിദ്യാര്‍ഥിനിയും യുട്യൂബറുമായ വിശാഖപട്ടണം സ്വദേശി ബോനു കൊമലി(21)യെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ടായിരുന്നു. ബോനു 11മാസമായി പഠനാവശ്യത്തിനായി ഹൈദരാബാദിലാണ് താമസം. ഹൈദരബാദില്‍ തിങ്കളാഴ്ച്ചയാണ് സംഭവം.
സ്വകാര്യ കോളജില്‍ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്നു ബോനു. ലൈഫ് സ്റ്റൈല്‍ വീഡിയോകളിലൂടെയുമാണ് ബോനു യുട്യൂബില്‍ ഫോളോവേഴ്സിനെ നേടിയിരുന്നത്.
‘അമ്മയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’എന്ന് അമ്മ ബി. സത്യ വരലക്ഷ്മിക്ക് സന്ദേശമയച്ചതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്ന് കൂടി സന്ദേശത്തിലുണ്ടായിരുന്നു. ഈ സന്ദേശത്തിനു പിന്നാലെ ബോനുവിന്റെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായി. പലതവണ ആവര്‍ത്തിച്ചു വിളിച്ചിട്ടും കിട്ടാതായതോടെ അമ്മ ബോനുവിന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. പ്രണയത്തകര്‍ച്ച മൂലമുണ്ടായ മാനസിക വിഷമത്തിലാണ് മരണം സംഭവിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
സുഹൃത്ത് വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് ബോനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ്വെയര് എന്‍ജിനീയറായ 27കാരനുമായി ബോനു പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ആറു മാസം മുന്‍പും ബോനു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.