ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിൽ പങ്കാളിത്തമില്ലാത്ത തന്ത്രിയെ ജയിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ഉയർത്തിയാണ് വി.ഡി സതീശന്‍റെ വിമർശനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് കണ്ഠരര് രാജീവർക്ക് ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നത്.

അന്വേഷണം ഇടതുനേതാക്കളിലേക്ക് എത്തിയപ്പോൾ അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വി.ഡി സതീശൻ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി പറഞ്ഞത്. തന്ത്രിക്ക് താന്ത്രിക അധികാരം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Related Posts