ബംഗളൂരുവിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ ഡെപ്യൂട്ടി മാനേജർ അറസ്റ്റിൽ. 3.5 കോടി രൂപയുടെ 2,780 ഗ്രാം സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചത്. പ്രതിയെ ബംഗളൂരു ഗിരിനഗർ പൊലീസ് പിടികൂടി. ഫെബ്രുവരി 5 ന് ബാങ്ക് ചീഫ് മാനേജർ നൽകിയ പരാതിയെത്തുടർന്നായിരുന്നു തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്തായത്.
ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കാതെ പ്രതി കടത്തുകയായിരുന്നു. തുടർന്ന് ഒരു ഫിനാൻസ് കമ്പനിയിൽ പണയം വച്ച് പണം കൈക്കലാക്കുകയും ചെയ്തു. കൈക്കലാക്കിയ പണം പ്രതി ഓൺലൈൻ ബെറ്റിംഗിനായി ഉപയോഗിച്ചതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സ്വർണം പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനങ്ങൾ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ ഇവർക്കെതിരെ കോടതി മുഖേന നിയമനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.