തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ വച്ച് പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. സുർജിത്, വിനയ് പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. എ.ആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ് വിനയ് പ്രകാശ്. അതേസമയം മിഥുൻ റോയിക്കും സഹോദരിക്കുമെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിൻവലിക്കും. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ നൽകും.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അച്ഛൻ്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു മിഥുനും സഹോദരിയും. ഇതിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർ അസഭ്യം പറഞ്ഞ് മിഥുനെ പ്രകോപിതനാക്കാൻ ശ്രമിച്ചത്. പിന്നാലെ മിഥുന വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ മിഥുൻ്റെ പരാതിയിലും എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.
എസ്എഫ്ഐ പ്രവർത്തകരും, മിഥുൻ ഉൾപ്പെടെയുള്ള പൊലീസുമായി ശംഖുംമുഖത്ത് വെച്ച് കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ഉന്തുംതള്ളുമുണ്ടായിരുന്നു. അന്ന് പൊലീസ് ലാത്തി വീശിയിരുന്നു. ഇന്നലത്തെ സംഭവം ഇതിൻ്റെ പ്രതികാരമാണ് എന്നാണ് വിവരം. ശംഖുംമുഖത്തെ സംഭവത്തിനുശേഷം മിഥുൻ നിലവിൽ മെഡിക്കൽ അവധിയിലാണ്.