എം.ഡി.എം.എ മയക്കുമരുന്ന് കൈവശം വെച്ച് വിൽക്കാൻ ശ്രമിച്ച 3 പേർ പിടിയിൽ. ഉള്ളാൾ നിവാസികളായ എം. മയ്യാദി (28), സി. മുസ്തഫ സീദിയബ്ബ (34), കെ. മുഹമ്മദ് ഷിഫാൻ (28) എന്നിവവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉള്ളാൾ പരിധിയിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പാടിക്ക് സമീപം സിറ്റി ക്രൈംബ്രാഞ്ച് സംഘം ഒരു കാർ തടഞ്ഞാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
ഏകദേശം 11.9 ലക്ഷം രൂപ വിലമതിക്കുന്ന 118.13 ഗ്രാം എം.ഡി.എം.എ, 4 മൊബൈൽ ഫോണുകൾ, വിൽക്കാൻ വേണ്ടി ഉപയോഗിച്ച കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു, ഇതോടെ പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം 17.95 ലക്ഷം രൂപയോളം വിലവരും. ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുസ്തഫക്കെതിരെ കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷനിൽ മുമ്പ് കന്നുകാലി മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മയ്യാടിക്കെതിരെ ഉള്ളാൾ അധികാരപരിധിയിൽ നേരത്തേ ആക്രമണ കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു. സംശയിക്കപ്പെടുന്ന വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.