വൈഭവ് സൂര്യവംശി കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ‌സ്കോർ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് നേടിയത്. വിസ്ഫോടനാത്മക ബാറ്റിങ്‌ കാഴ്ചവച്ച ഇന്ത്യയുടെ കൗമാര സൂപ്പർ ഹീറോ വീണ്ടും സംഹാര താണ്ഡവമാടിയപ്പോൾ ഇംഗ്ലണ്ടിനെതിരെ കലാശക്കളിയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നീലപ്പട ട്വൻ്റി20യെ വെല്ലുന്ന വെടിക്കെട്ടുമായി വൈഭവ് 80 പന്തിൽ 175 റൺസെടുത്തു. 15 പടുകൂറ്റൻ സിക്‌സറുകളും അത്രതന്നെ ഫോറുകളുമാണ് പതിനാലുകാരൻ്റെ ബാറ്റിൽനിന്ന് പ്രവഹിച്ചത്.

ഓപണിങ്ങിൽ മലയാളി താരം ആരോൺ ജോർജിൻ്റെ (11 പന്തിൽ ഒമ്പത്) കൂട്ട് തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മറുവശത്ത് വൈഭവിൻ്റെ സംഹാര താണ്ഡവമായിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രയെ കൂട്ടുനിർത്തിയായിരുന്നു പിന്നീടുള്ള അശ്വമേധം. ഹരാരെ സ്പോർട്‌സ് ക്ലബിൻ്റെ നടുമുറ്റത്ത്’ അടിച്ചുതകർക്കുകയെന്ന അജണ്ട മാത്രമേ ബിഹാറുകാരനുണ്ടായിരുന്നുള്ളൂ. പന്തെടുത്തവർക്കൊക്കെ പ്രഹരം കിട്ടിയപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു. 32 പന്തിൽ 50 കടന്ന വൈഭവിന് സെഞ്ച്വറിയിലെത്താൻ പിന്നീട് വേണ്ടിവന്നത് 23 പന്തുകൾ കൂടി മാത്രം.

Related Posts