മറ്റ് മത്സരങ്ങളിൽ കളിക്കും, ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്ക്കാര്
ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിൻമാറി പാകിസ്ഥാൻ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഫെബ്രുവരി 15 ന് നടക്കേണ്ടിയിരുന്ന പോരാട്ടമാണ് പാക് സര്ക്കാര് ബഹിഷികരിച്ചത്. അതേസമയം, ലോകകപ്പിലെ മറ്റ് മത്സരങ്ങളിൽ കളിക്കുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത് ശ്രീലങ്കയിലാണ്.
ഇത് സംബന്ധിച്ചു ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആഭ്യന്തര മന്ത്രിയും പി സി ബി ചെയർമാനുമായ മൊഹ്സിൻ നഖ്വിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗ്ലാദേശ് ടൂർണമെൻ്റിൽ നിന്ന് പിൻമാറാൻ കാരണക്കാർ ഇന്ത്യയാണെന്നതാണ് പാക് പ്രതിഷേധത്തിന് വഴിവച്ചത്. സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു.
തുടർന്ന് ബംഗ്ലാദേശ് പിൻമാറുകയും പകരം സ്കോട്ലാൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പാകിസ്ഥാനും ടൂർണമെൻ്റ് ബഹിഷ്കരിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന ഐസിസിയുടെ താക്കീതിന് മുന്നിൽ പാകിസ്ഥാൻ പിന്തിരിപ്പിച്ചു. എന്നാൽ ബംഗ്ലാദേശിനുള്ള പിന്തുണയുടെ ഭാഗമായി ഇന്ത്യക്കെതിരായ തങ്ങളുടെ മത്സരം ബഹിഷ്കരിക്കാൻ ആണ് പാകിസ്ഥാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.