ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യം കിട്ടിയതിനു പിന്നാലെ ജയിൽ മോചിതനായി. മാവേലിക്കര സബ് ജയിലിൽനിന്ന് അറസ്റ്റിലായി18 ദിവസങ്ങൾക്കുശേഷമാണ് ജയിൽ മോചിതനാകുന്നത്. അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14 നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.