എവിടെയുമുള്ള സാമൂഹ്യ നീതി നിഷേധത്തെ മനുഷ്യർക്കൊന്നിച്ചെതിർക്കാൻ കഴിയണമെന്ന് കവിയും സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ വിഎസ് ബിന്ദു ടീച്ചർ പറഞ്ഞു. സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ബാംഗ്ലൂരിൽ ഏർപ്പെടുത്തിയ “അവളോടൊപ്പം അതിജീവിതകളോടൊപ്പം” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിന്ദു ടീച്ചർ.

അതിജീവിതർക്കൊപ്പം എന്നാകുമ്പോൾ എല്ലാവർക്കും ഒപ്പം ജീവിക്കാനുള്ള പരിശീലനമാണ് നാം ലക്ഷ്യമാക്കുന്നത്. തലമുറകൾ കൈമാറുന്ന കഥപറച്ചിലുകൾ ഉൾപ്പെടെ കാലാനുസൃതമായ പരിശീലനം വരുത്തി മൂല്യബോധങ്ങളെ സർഗാത്മകമായി അവതരിപ്പിക്കണം.

വെടിയുണ്ടയ്ക്ക് ഒരു തുള മാത്രമേ ഉണ്ടാക്കാൻ പറ്റൂ. പക്ഷേ ബലാത്സംഗവും റേപ്പും അതിജീവിതർക്ക് അഗാധമായ മാനസിക സംഘർഷവും, അപമാനവും സൃഷ്ടിക്കുന്നതിന് പുറമെ, ശരീരത്തെ അത് അരിപ്പ മാതിരി ആക്കുകയും ചെയ്യും. ഇതിനുദാഹരണമാണ് കോഴിക്കോട്ടെ 13 കാരി. നാലു പേർ ചേർന്ന് ബലാത്സംഗം ചെയ്ത 13 കാരിയുടെ മൂത്രസഞ്ചിയുടെ പ്രവർത്തനം നിലയ്ക്കുകയും മൂത്രം ഉടുപ്പിലൂടെ എപ്പോഴും വീണുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. ആ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നു. മൂത്രം ആ സഞ്ചിയിൽ ശേഖരിക്കപ്പെടുന്നില്ല. പകരം അവൾ നടക്കുന്ന വഴിയിലും പോകുന്ന വഴിയിലും അരിപ്പയിലൂടെ വീഴുന്ന പോലെ വീണുകൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള ബാക്കി പത്രങ്ങളിൽ പലതും പൊതു വേദിയിൽ പറയാൻ പറ്റുകയില്ല. ആ അതിജീവിതയായ, കുട്ടിയെ കണ്ടിട്ടുള്ളതുകൊണ്ടു മാത്രം പറയുകയാണ്.

നമുക്കെല്ലാ ബന്ധങ്ങളുമുണ്ട്. അടുത്തു ജീവിക്കുന്ന ആളും അവരുടെ കുടുംബവും നമ്മുടേതാണെന്ന് പറയാനാവാത്ത ഒരു സാഹചര്യം ലോകത്തെവിടെയും നിലനിൽക്കുന്നു. കേരളത്തിൽ അങ്ങനെ ആയിട്ടില്ല എന്നതാണ് നമുക്കുള്ള ആശ്വാസം അല്ലെങ്കിൽ വിശ്വാസം.

ഏറ്റവും പുതിയ പഠനങ്ങളിൽ കഥ പറച്ചിൽ എന്നുള്ളത് നമ്മുടെ വീടുകളിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണെന്ന് ശാസ്ത്രം പഠിപ്പിക്കുന്നു. അതു മെമ്മറി മാത്രമല്ല, കഥ നമ്മുടെ ഉള്ളിൽ മൂല്യബോധങ്ങളുടെ വർദ്ധന സാധ്യമാക്കുന്നു. കഥ പറച്ചിൽ വഴി അത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനം. പക്ഷെ ഹിംസ പ്രോത്സാഹിപ്പിക്കുന്ന കഥകൾ അരുത്. അവിടെ ഒരു തിരഞ്ഞെടുപ്പ് ആവശ്യമാണ്‌. തിരഞ്ഞെടുത്തു പറഞ്ഞു കൊടുത്തു കഴിഞ്ഞാൽ കേട്ടുകൊണ്ടിരിക്കുന്ന കുട്ടികൾ എന്തു ബഹളമുണ്ടാക്കി കൊള്ളട്ടെ പക്ഷേ അതിലൂടെ അവരുടെ മനസ്സിലേക്ക് എത്തുന്ന കാര്യങ്ങൾ ചെറുതല്ല എന്നുള്ളതാണ്. അതുകൊണ്ട് കഥപറച്ചിൽ നമ്മൾ തുടരണം. അതുതന്നെയാണ് നമ്മുടെ മുന്നിൽ മുന്നോട്ടുവെക്കാനുള്ള ഒരു അതിജീവിത മാർഗം.

കുറിയേടത്ത് താത്രിക്കുട്ടിക്കെതിരെ നടന്ന സ്മാർത്ത വിചാരത്തിൻ്റെ ജീർണ്ണത സമൂഹം അറിഞ്ഞത് വി ടി ഭട്ടതിരിപ്പാടിലൂടെയാണ്. വി ടി എന്ന വിപ്ലവകാരിയെ എം ടി വിശേഷിപ്പിച്ചത് തുലാവർഷ കാറ്റ് എന്നാണ്.
ഇത് ജെണ്ടർ ഫ്‌ളൂയിഡിറ്റിയുടെ കാലമാണ്. ലിംഗ വൈവിദ്ധ്യം അംഗീകരിച്ച് അതിനോട് ഒത്തു പോകാനും സമൂഹം പഠിക്കേണ്ടതുണ്ട്.

ഭരണഘടനയുടെ പ്രി ആംബിൾ ഓരോ വീടിൻ്റെയും പൂമുഖത്തുണ്ടാവണം. അർട്ടിക്കിൾ 21 ഉറപ്പു നൽകുന്ന സംരക്ഷ പൂർണ്ണമായി നടപ്പാക്കാൻ നമ്മൾ പ്രതിജ്ഞാബാദ്ധരാണ്.

രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളാണെന്ന് കുട്ടികൾ മനസ്സിലാക്കണം. എന്താണ് ശരി എന്താണ് തെറ്റ് എന്ന് തിരിച്ചറിയാൻ അവർക്ക് കഴിയണം. രാഷ്ട്രീയം സമഗ്ര തല സ്പർശിയാണെന്ന് സ്ത്രീകളും തിരിച്ചറിയണം. അപ്പോഴാണ് കത്വ, ഉന്നാവോ, ഹത്രാസ് തുടങ്ങിയ സംഭവങ്ങളുടെ ഭീകരതയുടെ ആഴം മനസ്സിലാവുക.

മെയ്‌ ദിനത്തോടനുബന്ധിച്ച് നമ്മൾ ഒരു പാട്ട് പാടാറുണ്ട്. സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന ഗാനം എഴുതിയത് ഒരു പുരുഷൻ ആയിരിക്കുമെന്നാണ് താൻ കരുതിയത്. എന്നാൽ പിന്നീടാണ് മനസ്സിലാക്കിയത് എല്ല വീലർ വിൽകോക്സ് എന്ന അമേരിക്കൻ വനിതയാണ് ആ പാട്ടെഴുതിയത് എന്ന്.

നീതിക്കുവേണ്ടി നിയമ പോരാട്ടത്തിലൂടെയും ചങ്കുറപ്പോടെയും
തലയുയർത്തി നിൽക്കുന്ന അതിജീവിത രെ നമ്മൾ അഭിമാനപൂർവ്വം അഭിവാദ്യം ചെയ്യണം.
അവരുയർത്തിയ പോരാട്ട വീര്യം ആത്മാഭിമാനത്തിന് കരുത്തു പകരുന്ന ഇടിമുഴക്കമായി സമൂഹത്തിൽ പടരുകയും വേണം.

തൊഴിലിടങ്ങളിലും വീടുകളിലും, പൊതുസ്ഥലങ്ങളിലും, അധികാരവും ശക്തിയും നിയമവും വിലയ്ക്കെടുക്കാത്ത ജനാധിപത്യബോധം പുലരാൻ നമ്മൾ നിരന്തരം ശബ്ദമുയർത്തുക തന്നെ ചെയ്യണം. സമസ്ത മേഖലകളിലും നേരിടേണ്ടി വരുന്ന എല്ലാവിധ ജീർണ്ണതക്കുമെതിരെ സർഗാത്മക പ്രതിരോധമുയർത്തി നമ്മൾ അതിജീവിതർക്കൊപ്പമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കണം.
അവസാനശ്വാസം വരെ നീതിയ്ക്കായി പോരാടിയും പ്രതിരോധങ്ങൾ തീർത്തും നമ്മൾ എപ്പോഴും എന്നും അവളോടൊപ്പവും അതിജീവിതരോടൊപ്പവും തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും വി എസ് ബിന്ദു ടീച്ചർ പറഞ്ഞു.

ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ് അധ്യക്ഷം വഹിച്ച യോഗത്തിൽ സിപിഎസി പ്രസിഡണ്ട് സി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു. ഡെന്നിസ്പോൾ ആമുഖ പ്രഭാഷണം നടത്തി. മുഖ്യപ്രഭാഷണത്തിനുശേഷം പുരോഗമന കലാസാഹിത്യ സംഘം ബാംഗ്ലൂർ യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കോഡൂർ സംവാദം ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി എസ് ഉണ്ണികൃഷ്ണൻ, ആർട്ടിസ്റ്റ് ശ്രീനി, കാദർ മൊയ്തീൻ എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, സൗദാറഹ്മാൻ, രതി സുരേഷ്, രമ പ്രസന്ന, പി ഗീത, സുഷ്മ ശങ്കർ, അർച്ചന സുനിൽ, സിന കെ എസ്‌, സ്മിത വത്സല, ശാന്ത എൻ കെ, ജഗത കല്യാണി, എന്നിവർ കവിതകൾ ആലപിച്ചു. ശാസ്ത്രസാഹിത്യവേദി പ്രസിഡണ്ട് കെ ബി ഹുസൈൻ ബിന്ദു ടീച്ചർക്ക് സ്നേഹോപഹാരം നൽകി. അതിജീവിതർക്ക് ഐക്യദാർഢ്യ പ്രതിജ്ഞയ്ക്കു ശേഷം ശാസ്ത്രസാഹിത്യ വേദിയുടെ വൈസ് പ്രസിഡണ്ട് ഷീജ റനീഷ് നന്ദി പറഞ്ഞു.

Related Posts